Sree Sundareswara Temple

സമർപ്പണം 

അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും ആണ്ടു കിടന്ന് ദുർദേവതകളെ പൂജിച്ചും മൃഗബലി നടത്തിയും പ്രാകൃതമായ ആചാരങ്ങൾക്കടിപ്പെട്ടും ജീവിച്ചു വന്ന ഒരു ജനതയുടെ പുരോഗമനത്തിൻറെ പാതയിലേക്ക് നയിച്ച ഋഷിവര്യനാണ് ശ്രീ നാരായണ ഗുരുദേവൻ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആത്മീയ പടയോട്ടം നടത്തി സമൂഹത്തിൽ നിന്നും മാനവ മനസ്സുകളിൽ നിന്നും തലമുറകളായി കുടിയിരുന്ന ദാസ്യതയേയും ജാതീയതയെയും തുരത്തുവാൻ ഗുരുദേവന് കഴിഞ്ഞു. ഇത്തരം പടയോട്ടങ്ങളുടെ ഒരു പ്രധാന ഭാഗം ആയിരുന്നു വിഗ്രഹ പ്രതിഷ്ഠകളും സാത്വിക പൂജ കർമങ്ങളുടെ പ്രചാരണവും .

ദുരാചാരങ്ങളും അന്ധവിശ്വാസ ജടിലമായ ആരാധനാരീതികളുംനിറഞ്ഞ ദുർമൂർത്തീ പൂജാ സമ്പ്രദായങ്ങൾ സമൂഹത്തിൽ നിന്നും തുടച്ചു നീക്കണമെങ്കിൽ ശുദ്ധി, സദാചാരം,സദ്‌ഭക്ഷണം, സദ്‌വൃത്തി, സാത്ത്വിക പൂജാ സമ്പ്രദായം എന്നിവ പിന്തുടരുന്ന ബ്രാഹ്മണ വൈദിക സമ്പ്രദായത്തോട് സാദൃശ്യമുള്ള പൂജാവിധികളുള്ള സാത്വിക മൂർത്തി ക്ഷേത്രങ്ങൾ ആവശ്യമാണെന്ന് ക്രാന്തദർശിയായ ഗുരുദേവൻ മനസ്സിലാക്കിയിരുന്നു. എന്നാൽ ഇത്തരം ക്ഷേത്രങ്ങളിൽ പരമ്പരാഗത ബ്രാഹ്മണികതയുടെ അതിപ്രസരം കൊണ്ടുണ്ടാകാവുന്ന ഭാവി സുകൃത ക്ഷയവും ഗുരുദേവൻ മുൻകൂട്ടി ദർശിച്ചിരുന്നു. അതിനാൽ അവിടുന്ന് ആദി ദേവനും പ്രപഞ്ചകാരണനും പരമേശ്വരനും ആയ ശിവനെത്തന്നെ പ്രതിഷ്ഠിച്ചാണ് തന്റെ ജൈത്ര യാത്ര തുടങ്ങിയത്. വിമർശകരോടു താൻ ബ്രാഹ്മണ ശിവനെയല്ല പ്രതിഷ്ടിച്ചത് എന്ന് പറഞ്ഞതിലൂടെ ഗുരുദേവൻ വിപ്ലവകരമായ ഒരു മാറ്റം മാനവ മനസ്സുകളിൽ വരുത്തി. ജാതി മത ഭേദമെന്നതു ഒരു ഭ്രമം മാത്രമാണെന്നും ജന്മം കൊണ്ട് അവർണനായ ഒരാൾക്ക് കർമം കൊണ്ട് ഏതു മേഖലയിലും ശോഭിച്ചു ജന്മസായൂജ്യം കൈവരിക്കാൻ സാധിക്കുമെന്നും ഗുരുദേവൻ വ്യക്തമാക്കി.

ഗുരുദേവന്റെ ജൈത്രയാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ശ്രീ സുന്ദരേശ്വര ക്ഷേത്രം. കണ്ണൂരിലെ ജനതയെ സാമൂഹികമായും സാമ്പത്തികമായും ആത്മീയമായും ഉയരാൻ ഒരു നൂറ്റാണ്ടു കാലമായി അഖണ്ഡ ജ്യോതീ കുടീരമായി ശ്രീ നാരായണ ദിവ്യ പ്രഭയിൽ ലീനമായി ശ്രീ സുന്ദരേശ്വര ക്ഷേത്രം വിരാജിക്കുകയാണ്.ഒരു നൂറ്റാണ്ടു കാലത്തെ ചിട്ടയോടു കൂടിയ സാത്വിക പൂജയിൽ നിന്നാർജ്ജിച്ച ദിവ്യമായ ഊർജം ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും നമുക്ക് അനുഭവിക്കാനാകും . ഈ ദിവ്യധോരണിയിൽ മുങ്ങിക്കുളിച്ചു ആർജിത പാപങ്ങളെ കഴുകിക്കളയുന്ന ഭക്തർ ആപത്ബാന്ധവനും ക്ഷിപ്രപ്രസാദിയും ഭക്തവത്സലനും ആയ ശ്രീ സുന്ദരേശ്വരന്റെ അനുഗ്രഹത്താൽ ജീവിതസായൂജ്യം നേടുകയും കാലാന്തരത്തിൽ പാകമായ വെള്ളരിക്ക ഞെട്ടിയിൽ നിന്നും വിടുന്നതുപോലെ വേദനാരഹിതമായും നൈസർഗ്ഗികമായും ഭൗതിക ലോകത്തിൽ നിന്നും വേർപിരിഞ്ഞു കാലാരിയുടെ പാദകമലങ്ങളിൽ ലയിക്കുകയും ചെയ്യുന്നു.

ഗുരുദേവനും ഇഷ്ടദേവനും വേണ്ടി വ്യത്യസ്തമായ എന്ത് സമർപ്പിക്കണം എന്ന ചിന്തയിൽ നിന്നും ഗുരുദേവപ്രേരണയാൽ ഉയിർത്തുവന്ന ആശയമാണ് ലോകത്തെമ്പാടുമുള്ള ഭക്തർക്ക് വേണ്ടി എവിടെയിരുന്നും അനായാസമായി ഇന്റർനെറ്റ് വഴി പൂജകളും വഴിപാടുകളും ഓൺലൈൻ ആയി ബുക്ക് ചെയ്യാനും നിത്യേന ശ്രീ സുന്ദരേശ സന്നിധാനത്തിൽ നടക്കുന്ന ഉത്സവാദി വിശേഷങ്ങൾ തൽക്ഷണം അറിയാനും ഉപകരിക്കുന്ന ഈ വെബ്സൈറ്റ്.ഗുരുദേവന്റെ പ്രേരണയോടെയും അനുഗ്രഹാശ്ശിസ്സുകളോട് കൂടിയും ഈ വെബ് സൈറ്റ് ഞങ്ങൾ ശ്രീ സുന്ദരേശ്വരന്റെ ചരണകമലങ്ങളിൽ സമർപ്പിച്ചു കൊള്ളുന്നു. സർവശക്തനായ ശ്രീ സുന്ദരേശ്വരൻ ഏവർക്കും ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹ വർഷം ചൊരിയുമാറാകട്ടെ.

ചെറുവാരി പ്രവീൺ, ചെറുവാരി ജബിൻ