അദ്വൈത സിദ്ധാന്തത്തിൻറെ പ്രയോഗികതയായി ഏക ലോക ദർശനത്തെയും വിശ്വ മാനവികതയെയും അവതരിപ്പിച്ച അവതാര പുരുഷനായ ശ്രീനാരായണ ഗുരുദേവൻ ആധുനിക യുഗത്തിലെ മാനവരാശിക്ക് ഇരുട്ടിലെ സൂര്യതേജസ് ആണ്. മാനവ സമൂഹം ഇന്ന് നേരിടുന്ന എല്ലാവിധ പ്രശ്ന പ്രതിസന്ധികൾക്കും പരിഹാരമായി മഹത്തായ വിശ്വ ദർശനത്തെ കാരുണ്യപൂർവ്വം ലോകത്തിനേകിയ ഈ ജഗദ്ഗുരുവിൻ്റെ അനുഗ്രഹം കൊണ്ടു മാത്രം സിദ്ധിച്ചതാണ് ശ്രീഭക്തി സംവർദ്ധിനി യോഗവും ഗുരു പ്രതിഷ്ഠിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രവും.
യോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രം മലബാറിലെ ഒരു സമൂഹത്തിൻ്റെ കൂടി ചരിത്രഭാഗമാണ്. മലബാറിലെ ഈ നവോത്ഥാനം സംഭവിച്ചത്, ഭൗതിക ഐശ്വര്യത്തിന്റെയും ആത്മീയപുരോഗതിയുടെയും വസന്തം ഇവിടെ വിരിഞ്ഞത്, മുഖ്യമായും ഗുരുദേവൻ സംസ്ഥാപനം ചെയ്തു തന്ന തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം എന്നീ മൂന്നു മഹാ ക്ഷേത്രങ്ങളോട് അനുബന്ധമായാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ മലബാർ ജില്ല ബ്രിട്ടീഷ് ഭരണവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും കാരണം കേരളത്തിന്റെ ശാപമായ ജാതിഭേദത്തെ വെല്ലുവിളിക്കാൻ തുടങ്ങിയിരുന്നു. താണതെന്നു കരുതപ്പെട്ടിരുന്ന സമുദായങ്ങളിൽ പെട്ട ഉത്പതിഷ്ണുക്കളായ ആളുകൾ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിലും പട്ടാള സേവനത്തിലും വ്യാപൃതരായതോടെ മലബാർ ജില്ലയിൽ മാറ്റത്തിന്റെ കാറ്റു വീശാൻ തുടങ്ങി. ഇങ്ങനെ ഉന്നത വിദ്യാഭ്യാസവും ലോകപരിചയവും സിദ്ധിച്ച സമുദായ സ്നേഹികൾ സ്വസമുദായത്തിലെ സഹജീവികളെ കൈ പിടിച്ചുയർത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെയ്യാൻ തുടങ്ങി.
വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ എന്ന മനുഷ്യസ്നേഹി തെക്കൻ കേരളത്തിൽ ശ്രീ നാരായണ ഗുരുദേവൻ നടത്തി വന്ന നവോത്ഥാന പ്രവർത്തനങ്ങളെ അത്ഭുതാദര പൂർവം വീക്ഷിച്ചു വരികയായിരുന്നു.. കാലക്രമേണ ഗുരുദേവനെ കാണണമെന്നും കണ്ണൂരിലേക്കു ക്ഷണിച്ചു കൊണ്ട് വന്നു ഇവിടെയുള്ള സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുമുള്ള വാഞ്ച രൂഢമൂലമായപ്പോൾ അദ്ദേഹം ഗുരുദേവനെ കാണുന്നതിനായി ശിവഗിരിയിലേക്കു തിരിച്ചു. .ഏകദേശം 1905 കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവനെ കാണാൻ വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ ശിവഗിരിയിൽ എത്തുന്നത്. ഏതൊരു സുവർണ്ണ നിമിഷത്തിലാണോ ശ്രീ കുഞ്ഞിക്കണ്ണൻ ശ്രീനാരായണ ഗുരുവിൻ്റെ പാവനസന്നിധിയിൽ ആദ്യമായി ചെന്നു ചേർന്നത് ആ ധന്യമുഹൂർത്തത്തിൽ നിന്നുമാണ് കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൻ്റെയെന്നല്ല മലബാറിലെ ശ്രീ നാരായണീയ നവോത്ഥാനത്തിൻ്റെ തന്നെയും ചരിത്രം ആരംഭിക്കുന്നത്.
കൂടിക്കാഴ്ചയിൽ ബ്രിട്ടീഷുകാരാൽ ഭരിക്കപ്പെടുന്ന മലബാറിൽ പിന്നോക്ക സമുദായങ്ങളിലെ വളരെ അധികം ആളുകൾ ഉന്നത വിദ്യാഭ്യാസവും ഉയർന്ന സർക്കാർ ജോലിയും വഹിക്കുന്നുണ്ടല്ലോ, മാത്രമല്ല ആര്യ സമാജവും വേദാന്ത സംഘങ്ങളും പ്രവർത്തിക്കുന്നത് കൊണ്ട് ജാതിപ്പിശാചിനെ ഏതാണ്ട് ഉന്മൂലനം ചെയ്തല്ലോ , അവിടെ നാം വന്നു എന്ത് ചെയ്യാനാണ് എന്ന് ഗുരുദേവൻ ചോദിച്ചു. ഇതിനുത്തരമായി ആരാധനാ സമ്പ്രദായങ്ങൾ പരിഷ്കരിച്ചാൽ മാത്രമേ ആത്മീയവും മാനുഷികവും സാംസ്കാരികവുമായ പരിപൂർണ ഉന്നമനം നേടാൻ ഒരു സമുദായത്തിന് സാധിക്കൂ, അതിനാൽ ഗുരുദേവന്റെ ആത്മീയ സാരഥ്യം മലബാറിലെ സമൂഹത്തിനു അത്യാവശ്യമാണ് എന്ന് ശ്രീ കുഞ്ഞിക്കണ്ണൻ സമർത്ഥിച്ചു. ഗുരുദേവനിൽ നിന്നും അനുകൂല സംജ്ഞ കിട്ടിയ കുഞ്ഞിക്കണ്ണൻ നാട്ടിൽ മടങ്ങിയെത്തി മറ്റുള്ള സമുദായ പ്രമുഖരോട് കൂടി ആലോചിച്ചു. മാധവൻ മാസ്റ്റർ, ചോയി ബട്ളർ, മാണിക്കോത്തു ഗോവിന്ദൻ ഭാഗവതർ, കാര്യൻ ഗോവിന്ദൻ ഗുരുക്കൾ, ചാമക്കാലി കണ്ണൻ, പൂവാടൻ കൃഷ്ണൻ, ചന്ദ്രോത്ത് അനന്തൻ മേസ്ത്രി, ഒയറ്റി കൃഷ്ണൻ വക്കീൽ തുടങ്ങിയ പൗരപ്രമുഖർ ഇതിൽ ഭാഗഭാക്കായിരുന്നു. ചോയി ബട്ളർ പ്രസിഡന്റും ചാമക്കാല കണ്ണൻ സെക്രട്ടറിയും ആയി ഒരു എക്സികുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
ഗുരുദേവൻ 1907ൽ കണ്ണൂർ സന്ദർശിച്ചു. അപ്പോൾ തന്നെ ക്ഷേത്ര നിർമാണത്തിനു വേണ്ടി കണ്ണൂർ തഹസിൽദാറായിരുന്ന ചെറുവാരി കരുണാകരൻ പ്രസിഡന്റായും ചാമക്കാലി കണ്ണൻ സെക്രട്ടറിയായും ശ്രീ ഭഗവൽ ഭക്തി പ്രദീപയോഗം എന്ന സംഘടന സ്ഥാപിച്ചു. ഈ സംഘടനയാണ് പിന്നീട് 1913ൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
1908ൽ കൊമ്പ്ര കണ്ണൻ മാസ്റ്ററുടെയും ചാമക്കാല കണ്ണന്റെയും അപേക്ഷയനുസരിച്ചു വീണ്ടും കണ്ണൂരിൽ വന്ന ഗുരുദേവൻ തളാപ്പിൽ കണ്ടു വച്ച സ്ഥലം സന്ദർശിക്കുകയും ക്ഷേത്ര നിർമാണത്തിനുള്ള അനുജ്ഞ നൽകുകയും ചെയ്തു.
ഗുരു ദേവൻ തന്നെ തിരഞ്ഞെടുത്ത സംഘം 1908 ൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം വില കൊടുത്തു വാങ്ങിയതിന് ശേഷം 1909 ൽ കുറ്റിയടിച്ചു. 1910 ൽ മഠാധാര പ്രതിഷ്‌ഠ നടത്തി ക്ഷേത്ര കോവിലും നമസ്കാര മണ്ഡപവും നിർമിച്ചു. ശ്രീ നാരായണ ഗുരുദേവൻറെ അനുഗ്രഹത്തിന്റെയും ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ ഭഗീരഥ പ്രയത്നത്തിന്റെയും ഫലമായി ക്ഷേത്ര നിർമാണം അതിവേഗം പൂർത്തിയാവുകയും 1916 ഏപ്രിൽ മാസം 11 നു രാവിലെ മൂന്നു മണിക്ക് പൂയം നക്ഷത്രത്തിൽ ഗുരുദേവൻ തന്നെ പ്രതിഷ്ഠാ കർമം നിർവഹിക്കുകയും ചെയ്തു. പിന്നീട് 1938 ൽ ഗുരുദേവ പ്രതിഷ്‌ഠയും, ധ്വജ പ്രതിഷ്ഠയും നടന്നു. 1999 ൽ നാലമ്പലവും 2019 ൽ നാലമ്പലത്തിൽ നടപ്പന്തലും നിർമ്മിക്കപ്പെട്ടു. 2019ൽ നടന്ന ചുറ്റമ്പല നിർമാണത്തോടെ ഗുരുദേവനാൽ 1916ൽ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം ഒരു മഹാക്ഷേത സമുച്ചയമായി മാറിയിരിക്കുന്നു.
ദിനേന അനേകായിരം ഭക്തന്മാർക്ക് ആത്മീയ ശാന്തി പകരുന്നതിനോടൊപ്പം തന്നെ സാംസ്‌കാരിക രംഗത്തും ക്ഷേത്രകലകളുടെയും ലളിതകലകളുടെയും സംസ്‌കൃതം യോഗ തുടങ്ങിയവയുടെയും പ്രചാരണത്തിലും പ്രോത്സാഹനത്തിലും മുൻനിരയിലാണ്. കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രവും ഊർജ സ്രോതസ്സും ആയി ഈ മഹാക്ഷേത്രം പരിലസിക്കുന്നു.
ഗുരുദേവൻറെ നിർദേശങ്ങൾ പൂർണമായുൾക്കൊണ്ടു കൊണ്ട് ക്ഷേത്ര ഭരണ സമിതിയായ ശ്രീഭക്തിസംവർദ്ധിനി യോഗം ക്ഷേത്ര ഭരണത്തോടൊപ്പം തന്നെ ശ്രീനാരായണ വിദ്യാമന്ദിർ, ശ്രീനാരായണ ITC, ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, മഹാകവി കുമാരനാശാൻ ലൈബ്രറി ആൻഡ് റിസേർച് സെന്റർ , വനിതാ ഹോസ്റ്റൽ, വർക്കിങ് വിമൻസ് ഹോസ്റ്റൽ, അനവധി ഗുരുമന്ദിരങ്ങൾ എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു. ഇതിനു പുറമെ വിദ്യാഭ്യാസ സ്കോളർഷിപ്പ് , ചാരിറ്റി സഹായം എന്നിവയും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നൽകിവരുന്നു.
ഇന്നാട്ടിലെ വലിയൊരു സമൂഹത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിക്ക് ഒരു പ്രധാന ചാലകശക്തിയായ ഈ മഹാപ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലേക്കും കർമ്മപഥങ്ങളിലേക്കും ഒരു ചെറിയ കൈത്തിരി കത്തിക്കുവാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടത്തിയത്.
മലബാറിലെ ഈ നവോത്ഥാനമാകട്ടെ 1888 ൽ ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തുടക്കം കുറിച്ച കേരള നവോത്ഥാനത്തിൻ്റെ തന്നെ ഭാഗമായിരിക്കുന്നു. അതിനാൽ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൻ്റെയും ശ്രീ ഭക്തിസംവർദ്ധിനിയോഗത്തിന്റെയും ചരിത്രം അതിമഹത്തായ കേരളനവോത്ഥാനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു.