Sree Sundareswara Temple

ഗുരുദർശനം

Responsive DWimages

കേരളം കണ്ടതിൽ വച്ച് ഏറ്റവും അഗ്രഗണ്യനായ ആത്മീയ ആചാര്യനും നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീ നാരായണ ഗുരുദേവൻ. ഗുരുദേവൻ്റെ പ്രവർത്തനങ്ങളിൽ ഉടനീളം ആദ്ധ്യാത്മിക, ബൗദ്ധിക, ധാർമ്മിക, സാംസ്‌കാരിക, സാമൂഹ്യ തലങ്ങളിലെ നവീകരണ പ്രക്രിയയുടെ സമഗ്രമായ ചിത്രം ദർശിക്കാവുന്നതാണ്. 1855 ഓഗസ്റ്റ് 28 നു ഭൂജാതനായ ഗുരുദേവൻ 1928 സെപ്റ്റംബർ 20നു മഹാസമാധിസ്ഥനായി.

ഒരു അവർണ സമുദായത്തിൽ ജനിച്ചു നാണു എന്ന നാമധേയത്തോടെ വളർന്നു ആത്മീയതയുടെയും സാമൂഹിക അവബോധത്തിൻ്റെയും ഉന്നത ഗിരിശൃംഗങ്ങളിലേക്കു ആത്മ പ്രയത്നവും കഠിന തപസ്യയും കൊണ്ടെത്തിയ ഗുരുദേവൻ അക്കാലത്തു അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും അനാചാരങ്ങളുടെയും അന്ധകാരത്തിൽ ആണ്ടു കിടന്ന സ്വസമുദായത്തെയും മറ്റു സമാന സമുദായങ്ങളെയും ഭൗതിക ജീവിത വിജയത്തിൻ്റെയും ആത്മീയ നിർവൃതിയുടെയും അത്യുന്നത തലങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയ മഹാപുരുഷനാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്നത്തെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം ആയി പരിണമിക്കാൻ കാരണഭൂതരായ പോരാളികളിൽ അഗ്രഗണ്യനായിരുന്നു, ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തോടെ വിപ്ലവാത്മകമായ സമൂല, സാമൂഹിക, സാംസ്‌കാരിക, മാനസിക പരിവർത്തനത്തിനു വേണ്ടി പട പൊരുതിയ ശ്രീ നാരായണ ഗുരുദേവൻ.

ഗുരുദേവനെ നാം വീക്ഷിക്കുമ്പോൾ ഗുരുദേവൻ്റെ പല മുഖങ്ങൾ നമ്മുടെ വീക്ഷണ കോൺ അനുസരിച്ചു നമുക്ക് വെളിപ്പെടും. തപസ്വി, വേദാന്തി, ചിന്തകൻ, കവി, സംസ്‌കൃത പണ്ഡിതൻ, ദൈവജ്ഞൻ, തത്വജ്ഞാനി, താന്ത്രികവര്യൻ, ഭിഷഗ്വരൻ, സാമൂഹ്യ പരിഷ്‌കർത്താവ്, വിപ്ലവകാരി തുടങ്ങി ഭൗതികതയുടെ ഇങ്ങേയറ്റം മുതൽ ആത്മീയതയുടെ അങ്ങേയറ്റം വരെ ഒട്ടനേകം വിധത്തിൽ ഗുരുദേവനെ പലരും അവരുടെ വീക്ഷണകോൺ അനുസരിച്ചു വ്യാഖ്യാനിക്കുന്നു. ആ സമഗ്ര വ്യക്തിത്വത്തിൽ ഏതു വ്യക്തിക്കും വേണ്ടത് കണ്ടെത്താൻ കഴിയും എന്നതാണ് വാസ്തവം . അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയിൽ തുടങ്ങി ശക്തീശ്വരത്തെ പ്രണവ പ്രതിഷ്ഠയിൽ അവസാനിച്ച ഗുരുദേവൻ്റെ ആത്മീയ ജൈത്രയാത്ര, മനുഷ്യാത്മാവിലെ ഈശ്വരീയ അവബോധത്തിൻ്റെ ബിംബാധിഷ്ഠിതമായ ലൗകിക ഭാവത്തിൽ നിന്നും അമൂർത്തമായ ആത്മ ദർശനത്തിലേക്കുള്ള നൈസർഗിക പരിണാമത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.

ഗുരുദേവൻ്റെ സമാധിക്ക് ശേഷം ഒൻപതു ദശകങ്ങൾ കഴിഞ്ഞിട്ടും നാം എന്തു കൊണ്ട് ഗുരുദേവനെ പൂർവാധികം ഭയഭക്തിബഹുമാനങ്ങളോടെ ആദരിക്കുന്നു? ഗുരുദേവ പ്രതിഷ്ഠിതങ്ങൾ ആയ ഇരുപത്തിയേഴു മഹാ ക്ഷേത്രങ്ങൾ ഇന്നും എന്തു കൊണ്ട് ഉത്തരോത്തരം പുരോഗമിക്കുന്നു? ഗുരുദേവൻ നൽകിയ സാമൂഹിക മുദ്രാവാക്യങ്ങൾ ഇന്നും എന്തു കൊണ്ട് നമ്മുടെ സിരകളിൽ വിപ്ലവ വീര്യം പകരുന്നു? ഗുരുദേവൻ തെളിച്ചു തന്ന ആത്മീയ പാതയിൽ ഇന്നും എന്ത് കൊണ്ട് സ്വദേശീയരും വിദേശീയരുമായ കോടാനു കോടി സത്യാന്വേഷികൾ ചരിക്കുന്നു? ഗുരുദേവ വിരചിതമായ കൃതികൾ അവയുടെ ലാളിത്യവും സർഗ്ഗ സൗന്ദര്യവും സംഗീതാത്മകതയും കൊണ്ട് ദശാബ്ദങ്ങളായി ലക്ഷക്കണക്കിന് വീടുകളിൽ സന്ധ്യകളിൽ മുഴങ്ങി കേൾക്കുന്നതിനൊപ്പം തന്നെ അവയിൽ അന്തർലീനമായ ഗരിമയും ഗഹനതയും കൊണ്ട് ഗവേഷകരെയും പണ്ഡിതരെയും അത്ഭുതപ്പെടുത്തുന്നത് എന്തു കൊണ്ടാണ്? ആഴവും പരപ്പുമുള്ള ഗുരുദേവ സിദ്ധാന്തങ്ങൾ എന്തുകൊണ്ട് എല്ലാ കാലഘട്ടങ്ങളിലും സർവ സമ്മതമായി വർത്തിക്കുന്നു?

ഇങ്ങനെയുള്ള സഹസ്രോപരി ചോദ്യങ്ങൾക്കു ഒരൊറ്റ ഉത്തരമേയുള്ളൂ. യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവൻ്റെ തത്വ ദർശനങ്ങളും അതിൻ്റെ അത്യന്തം പ്രായോഗികമായ ഭൗതിക വ്യാഖ്യാനങ്ങളും കാലാതീതമാണ്. ആത്മീയ, ഭൗതിക, ബൗദ്ധിക, സാമൂഹിക തലങ്ങളിൽ ഒരു പോലെ പ്രഭാവവാനായ മറ്റൊരു മഹാപുരുഷൻ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലോ അവതീർണനായിട്ടില്ല എന്ന പരമ സത്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ജാതി മത രാഷ്ട്രീയ ഭ്രാന്തും അസഹിഷ്ണുതയും കൊണ്ട് അന്ധകാരത്തിലേക്ക് പുനഃ പ്രവേശം ചെയ്യാൻ ഉദ്യമിക്കുന്ന സമകാലീന സമൂഹത്തെ നേർവഴിക്കു നയിക്കാൻ മനുഷ്യത്വത്തിൽ അധിഷ്ഠിതമായ, ഉജ്വലമായ ശ്രീ നാരായണ ദർശനങ്ങൾക്ക് മാത്രമേ കഴിയു എന്ന് നാമെല്ലാവരും മനസ്സിലാക്കിയാൽ സമൂഹത്തിൽ ഉത്തരോത്തരമായി വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയെ പ്രതിരോധിക്കുവാനും മൂല്യാധിഷ്ഠിതമായ ഒരു സംസ്കാരം വളർത്തിയെടുത്തു ഭാവി തലമുറകൾക്കു ജന്മ സായൂജ്യം നൽകുവാനും നമുക്ക് സാധിക്കും.

ഗുരുദേവൻ്റെ അനുഗ്രഹത്താൽ, അന്ന വസ്ത്രാദി മുട്ടാതെ സർവേശ്വരൻ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.